ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ (ഐബിഎ) പരിഗണനയില്‍. ഇതോടെ ആഴ്ചയില്‍ രണ്ട് അവധി ദിവസം ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കും. പ്രവര്‍ത്തിക്കുന്ന അഞ്ച് ദിവസവും 50 മിനിറ്റ് വീതം പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് നിലവില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. നിലവിലെ നിര്‍ദ്ദേശം നടപ്പായാല്‍ എല്ലാ ശനിയാഴ്ചകളും അവധി ലഭിക്കും. എന്നാല്‍, മറ്റ് ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരും.
അതേസമയം, സര്‍ക്കാരും ആര്‍ബിഐയും നിര്‍ദ്ദേശം അംഗീകരിക്കേണ്ടതുണ്ട്. 2023 മാര്‍ച്ചിലെ ബാങ്ക് അവധി ദിനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പെടെ 12 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില ബാങ്ക് അവധികള്‍ രാജ്യവ്യാപകമാണെങ്കില്‍ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കും. ഹോളി, ചൈത്ര നവരാത്രി, രാമനവമി തുടങ്ങിയ നിരവധി ആഘോഷങ്ങളും 2023 മാര്‍ച്ചില്‍ ഉണ്ട്.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അവധികള്‍, ബാങ്കുകളുടെ കണക്കെടുപ്പ് അവധി എന്നീ തരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവധിദിനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാറുണ്ട്. എല്ലാ ബാങ്കുകളും പൊതുവില്‍ ഒരു മാനദണ്ഡം അവധിയുടെ കാര്യത്തില്‍ പാലിക്കാറില്ല.

