ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പരാതി നിഷേധിച്ച് ആരോഗ്യ വകുപ്പ്‌

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നടന്ന ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയെന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതി ആരോഗ്യ വകുപ്പ് നിഷേധിച്ചു. കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്നും കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി.

2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്ക് സിസേറിയന്‍ നടന്നത്. എന്നാല്‍, ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രില്‍ നിന്നാണ്. അന്ന് ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘം
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിങില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.