ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയ്ക്ക് നാളെ സമാപനം കുറിയ്ക്കും. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ആരംഭിച്ച യാത്ര അസമിലെ ദിബ്രുഗഡിലാണ് അവസാനിക്കുന്നത്. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെ ക്രൂസ് സഞ്ചരിച്ചു. ക്രൂസിലൂടെ 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിച്ചത്. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം ക്രൂസ് പിന്നിട്ടു.
വാരാണസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിച്ചു. കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലൂടെയും ക്രൂസ് സഞ്ചരിച്ചു. 62 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് ഈ ആഢംബര നൗകയ്ക്കുള്ളത്. 3 ഡെക്കുകളും 32 സഞ്ചാരികൾക്ക് കഴിയാൻ സാധിക്കുന്ന വിധത്തിലുള്ള 18 സ്വീറ്റ് റൂമുകളും നൗകയിലുണ്ട്. സംഗീത, സാംസ്‌കാരിക പരിപാടികൾ, ബാർ, ജിം, സ്പാ, കാഴ്ചകൾ കാണാനുള്ള തുറന്ന ഡെക്, ബട്‌ലറുടെ സേവനം തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. ചരിത്രപരവും സാംസ്‌കാരികപരവും മതപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ യാത്രയ്ക്ക് ഇടവേളകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ പൈതൃകം മനസിലാക്കുന്ന വിധത്തിൽ യാത്രാ വിവരണങ്ങളും കപ്പലിൽ ക്രമീകരിച്ചിട്ടുണ്ട്.

