സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതോടെ ഭൂസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകും; മുഖ്യമന്ത്രി

കൊല്ലം: സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതോടെ ഭൂസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാർഡ് വിതരണവും ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. സി കേശവൻ സ്മാരക ടൗൺഹാളിലാണ് ചടങ്ങ് നടന്നത്.

ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയിൽ ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ചു റവന്യൂ വകുപ്പും സാങ്കേതികാധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടപ്പാക്കും. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ കാലത്തിന്റെ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ കൈവശാവകാശം, രേഖകൾ കൃത്യമായി ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ‘എന്റെ ഭൂമി’ ഡിജിറ്റൽ റിസർവെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർത്തിയാക്കും. ഭൂമിയുടെ കൈവശാവകാശത്തിൽ കൃത്രിമവും ഇരട്ടിപ്പും ഉണ്ടാവിലെന്ന് ഉറപ്പാക്കാൻ യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കി. ഇത്തരത്തിൽ ഭൂരേഖകൾ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. പൊതുജന സേവനങ്ങൾ ജനോന്മുഖമാക്കുന്നതിനാണ് സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതു വരെ 54535 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഭൂരഹതിരായി ആരും ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള നൂറുദിന പരിപാടികളോടനുബന്ധിച്ച് 40000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുന്നതിന് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഭൂരഹിതർക്കുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജിതമായി പുരോഗമിക്കുന്നു. ഒരു കുടുംബത്തിന് മൂന്നു സെന്റ് ഭൂമി എന്ന് കണക്കാക്കിയാൽ പോലും 10,500 ഏക്കർ വേണ്ടി വരും. ലാൻഡ് ബോർഡ് കേസുകൾ തീർപ്പാക്കിയാൽ 8210 ഏക്കർ ഭൂമി വിതരണത്തിന് ലഭ്യമാകും. മിച്ചഭൂമി കേസുകൾ തീർപ്പാക്കുന്നതിനായി 77 താലൂക്ക് ലാൻഡ് ബോർഡുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തും. ഇതു പൂർത്തിയായാൽ ഭൂരഹിതർക്കെല്ലാം നൽകുന്നതിനുള്ള ഭൂമി സജ്ജമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങൾ എല്ലാവരിലുമെത്തിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിർവഹണം സാധ്യമാക്കുന്നതിന്റെ ഭാഗമായി വില്ലേജ്തല ജനകീയ സമിതികളും പുനസംഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.