ചിന്തയുടെ ശമ്പള വര്‍ധനവിന് മുന്‍കാല പ്രാബല്യം വേണമെന്ന ആവശ്യം തള്ളി ധനവകുപ്പ്‌

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും വിമര്‍ശനങ്ങളും കണക്കിലെടുത്ത് ശമ്പള വര്‍ധനവിന് മുന്‍കാല പ്രാബല്യം വേണമെന്ന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ആവശ്യം തള്ളി ധനവകുപ്പ്. എന്നാല്‍, സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 18 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

അതേസമം, ചിന്താ ജെറോമിന് 50000 രൂപയായിരുന്നു യുവജന കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേല്‍ക്കുമ്പോള്‍ ഓണറേറിയം. എന്നാല്‍, പിന്നീട് അത് ഒരു ലക്ഷം രൂപ ശമ്പളമായി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് കണക്കിലെടുത്ത് 17 മാസത്തെ മുന്‍കാല പ്രാബല്യമടക്കം 8.5 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ചിന്തയുടെ ആവശ്യം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ തുക അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുകയായിരുന്നു.

യുവജന കമ്മീഷന്‍ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം രൂപ അനുവദിക്കണമെന്ന് യുവജന കമ്മീഷന്‍ സെക്രട്ടറിയും സര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുകൊണ്ട് 18 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.