പഞ്ചാബിൽ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം; അക്രമി സംഘമെത്തിയത് വാളുകളും തോക്കുകളുമേന്തി

അമൃത്സർ: പഞ്ചാബിൽ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം. വാരിസ് പഞ്ചാബ് ദേ സംഘമാണ് അമൃത്സറിലെ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടത്തിയത്. വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമേന്തി നൂറുകണക്കിന് പേരാണ് പോലീസ് സ്‌റ്റേഷൻ ആക്രമിക്കാനെത്തിയത്.

വാരിസ് പഞ്ചാബ് ദേ തലവനും സ്വയം പ്രഖ്യാപിത മതപ്രഭാഷകനുമായ അമൃതപാൽ സിംഗിന്റെ അടുത്ത സഹായി ലവ് പ്രീത് തൂഫാൻ ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അജ്നാല പൊലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായത്.

അതേസമയം, അക്രമ സംഭവങ്ങൾക്ക് പിന്നാലെ ലവ് പ്രീത് തൂഫാനെ പോലീസ് മോചിപ്പിക്കുകയും ചെയ്തു. ലവ് പ്രീത് നിരപരാധിയെന്ന് തെളിവ് ലഭിച്ചതായാണ് അമൃത്സർ പൊലീസ് കമ്മിഷണർ ജസ്‌കരൻ സിംഗ് വ്യക്തമാക്കിയത്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.