ന്യൂഡൽഹി: സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിലൂടെ വസ്തുതകളെ പിന്തുടരുക എന്നതാണ് ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വമെന്ന് ബിബിസി. ഡയറക്ടർ ജനറൽ ടിം ഡേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഇ-മെയിലിലൂടെ നൽകിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താൽപര്യങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്നതിൽ നിന്ന് പിന്മാറില്ല. പക്ഷപാതരഹിതമായി പ്രവർത്തിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാര്യത്തിൽ ബിബിസിയുടെ ജീവനക്കാരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് കലാപമടക്കം പരാമർശിച്ചുള്ള ബിബിസിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടന്നത്.

