ഷില്ലോങ്: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷില്ലോങ്ങിൽ നടന്ന പ്രചാരണപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തങ്ങൾക്ക് എല്ലാം അറിയാമെന്ന മിഥ്യാധാരണയാണ് ബിജെപി വെച്ചുപുലർത്തുന്നത്. ബിജെപിക്ക് ആരോടും ബഹുമാനമില്ല. മേഘാലയയുടെ ഭാഷയ്ക്കോ സംസ്‌കാരത്തിനോ ചരിത്രത്തിനോ ദോഷം വരുത്താൻ ബിജെപിയെ ഒരുകാരണവശാലും അനുവദിക്കില്ല. പ്രധാനമന്ത്രി ചെയ്യുന്നതുപോലെ മേഘാലയയുടെ ജാക്കറ്റും ധരിച്ചെത്തി സംസ്ഥാനത്തിന്റെ മതത്തേയും സംസ്‌കാരത്തേയും ചരിത്രത്തേയും ഭാഷയേയും കുറ്റംപറയുകയാണെങ്കിൽ അത് മേഘാലയജനതയെ അപമാനിക്കലാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
തൃണമൂൽ കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിനാണ് തൃണമൂൽ മത്സരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പശ്ചിമബംഗാളിൽ അക്രമസംഭവങ്ങളും അഴിമതിയും കൂടിവരികയാണ്. ഗോവ തിരഞ്ഞെടുപ്പുകാലത്ത് തൃണമൂൽ വൻതുക ചെലവഴിച്ചത് ബിജെപിയെ സഹായിക്കാനാണ്. മേഘാലയയിലും അതാണ് തൃണമൂൽ ലക്ഷ്യമിടുന്നത്. ബിജെപിയെ ശക്തിപ്പെടുത്താനും അധികാരത്തിലെത്തിക്കാനുമാണ് തൃണമൂലിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

