തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ കേന്ദ്രസർക്കാരിനെ വിമർശിച്ചതിനാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിർക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണെന്ന് ഗവർണർ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് ഇടതു പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ്. മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധമാണ്. മുത്തലാഖിനെ കുറിച്ച് ഖുറാനിൽ പരാമർശമില്ല. മുത്തലാഖ് സ്ത്രീകൾക്കെതിരായ അനീതിയാണ്, അത് സിവിൽ തർക്കമല്ല. ഇത് ഇസ്ലാമിക നിയമപ്രകാരം ശിക്ഷാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ”കൂടുതൽ മാനുഷികം ‘ എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. ഇപ്പോൾ മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു. എന്നാൽ, ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആർത്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

