ഹെറോയിന്‍ കേസ്: രണ്ടാം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

2021ല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും 2,988 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ രണ്ടാം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ആറ് അഫ്ഗാന്‍ പൗരന്മാരും ഏഴ് സ്ഥാപനങ്ങളും ഉള്‍പ്പെടെ 22 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഇറാന്‍ സ്വദേശിയായ ബന്ദര്‍ അബ്ബാസ് വഴിയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ചരക്ക് അയച്ചത്. ഹെറോയിന്‍ കടത്തു വഴി ലഭിച്ച പണം ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, കേസില്‍ 16 പ്രതികള്‍ക്കെതിരെ 2022 മാര്‍ച്ച് 14 നാണ് എന്‍ഐഎ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഗാന്ധിധാം യൂണിറ്റിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 ഒക്ടോബര്‍ 6 ന് എന്‍ഐഎ ഈ കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റിലെയും വിവിധ വകുപ്പുകള്‍ പ്രകാരം അഹമ്മദാബാദിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് 22 പ്രതികള്‍ക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിലെ മുഖ്യപ്രതി ഹര്‍പ്രീത് സിംഗ് തല്‍വാര്‍ ഒന്നിലധികം തവണ ദുബായ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും വാണിജ്യാടിസ്ഥാനത്തില്‍ ഹെറോയിന്‍ ഇന്ത്യയിലേക്ക് കടത്തുന്നതിനായുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു. ഇയാള്‍ ഡല്‍ഹിയില്‍ ക്ലബ്ബുകള്‍, റീട്ടെയില്‍ ഷോറൂമുകള്‍, ഇറക്കുമതി സ്ഥാപനങ്ങള്‍ തുടങ്ങി ഒന്നിലധികം വ്യാപാരങ്ങള്‍ നടത്തുന്നുണ്ട്. തന്റെ ജീവനക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് ഈ സ്ഥാപനങ്ങള്‍ തുറക്കുന്നത്. ഇത്തരത്തിലുള്ള പത്തോളം സ്ഥാപനങ്ങളെ കണ്ടെത്തി അന്വേഷണം നടത്തിയതായും ഈ കമ്പനികള്‍ വഴി, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സെമി-പ്രോസസ്ഡ് ടാല്‍ക്ക് സ്റ്റോണ്‍ രൂപത്തില്‍ ഹെറോയിന്‍ ഇറക്കുമതി ചെയ്തിരുന്നതായും എന്‍ഐഎ പറഞ്ഞു. ഇയാളെ കൂടാതെ, അഫ്ഗാന്‍ സ്വദേശികളായ റഹ്മത്തുള്ള കാക്കര്‍, ഷഹീന്‍ഷാ സഹീര്‍, ജാവേദ് അമാനി, അബ്ദുള്‍ സലാം നൂര്‍സായി, മുഹമ്മദ് ഹുസൈന്‍ ഡാഡ്, മുഹമ്മദ് ഹസന്‍ ഷാ തുടങ്ങിയവരുടെ പേരുകളും രണ്ടാം അനുബന്ധ കുറ്റപത്രത്തിലുണ്ട്.