എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗം അല്ല; സുപ്രീം കോടതി

ന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗം അല്ലെന്നും സുപ്രീം കോടതി. ചില പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണ് ഈ നിർവചനം തീരുമാനിക്കുന്നതെന്നും കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണക്കവേ ആയിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വെറുപ്പ് എല്ലാ മതങ്ങളുടെയും പൊതുശത്രുവാണ്. മനസ്സിൽ നിന്നു വെറുപ്പ് ഒഴിവാക്കുമ്പോൾ മാറ്റം സംഭവിക്കുന്നതു കാണാൻ കഴിയും. ഒരാൾ പറയുന്നതെല്ലാം വിദ്വേഷ പ്രസംഗം ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. വിദ്വേഷ പ്രസംഗത്തെ പറ്റി നിർവചനം ഇല്ലാത്തതിനാലും ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ വ്യാഖ്യാനം ചെയ്തുള്ള നടപടികൾ ആയതിനാലും കോടതികൾ ജാഗ്രത പുലർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

മുസ്ലിങ്ങൾക്ക് എതിരായ പ്രസംഗങ്ങളിൽ ഹരിയാന പോലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഷഹീൻ അബ്ദുല്ല എന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു മുന്നണിയും കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് 21ന് എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.