കാസർഗോഡ്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. വിവാഹമോചനം നടത്തിയാൽ ഒരു വിഭാഗം മാത്രം ജയിലിൽ പോകണമെന്ന നിയമം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരു മതവിശ്വാസിക്ക് മറ്റൊരു നിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖിൽ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയല്ലോ. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോയെന്നും അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീമിന് മാത്രം അത് എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഭരണഘടന അനുസൃതമായ തീരുമാനങ്ങളെ നടപ്പാക്കൂ. ഭാവിയിലും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകില്ല. ഇന്ന മതത്തിൽ ജനിച്ചതുകൊണ്ടാണോ നമുക്ക് പൗരത്വം ലഭിച്ചത്. ഈ മണ്ണിന്റെ സന്തതികളായതുകൊണ്ടാണ് പൗരത്വം ലഭിച്ചത്. കേന്ദ്രം മറയില്ലാതെ വർഗീയ നിലപാട് സ്വീകരിക്കുകയാണ്. രാജ്യത്തെ വൈവിധ്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്നും ഫെഡറൽ സംവിധാനം തർക്കാൻ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചതല്ല. ഈ ചർച്ചയിൽ കോൺഗ്രസ്-ലീഗ്- വെൽഫെയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗം ആർഎസ്എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെൽഫെയർ പാർട്ടി കേരളത്തിൽ കോൺഗ്രസിന്റേയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
വർഗീയമായുള്ള ഏത് നീക്കവും ശക്തമായി എതിർക്കുന്ന സമൂഹമാണ് നമ്മുടേത്. വർഗീയത ഉയർത്തുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ കാണണം. രാജ്യത്തിനകത്ത് മനുഷ്യനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ. ഇവിടെ ജീവിക്കാൻ കഴിയുമോ എന്ന ആശങ്കപോലും ഉണ്ടായിരിക്കുന്നു. യഥാർത്ഥ ജീവൽ പ്രശ്‌നങ്ങളിൽനിന്ന് വർഗീയ ശക്തികൾ ശ്രദ്ധ തിരിക്കുന്നു. മനുഷ്യരിൽ മഹാഭൂരിപക്ഷം കൂടുതൽ പിന്തള്ളപ്പെട്ട് പോകുന്നു. കേന്ദ്ര നയമാണ് ജീവിതം മോശമാക്കുന്നതെന്ന വസ്തുത മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

