രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്നു നീക്കണം; കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എംപിമാർ മുൻകൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്നു നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകിയിട്ടുണ്ട്. മതിയായ തെളിവുകളില്ലാതെ മോദിക്കെതിരായി നടത്തിയ ആരോപണം അപകീർത്തികരവും ലജ്ജാകരവുമാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രമേയ ചർച്ചയിൽ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, ചില പ്രസ്താവനകൾ നടത്തി. മുൻകൂർ നോട്ടീസ് നൽകാതെ നടത്തിയ പ്രസ്താവനകൾ തീർത്തും അപകീർത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും ‘അൺപാർലമെന്ററി’യുമാണെന്ന് അദ്ദേഹം കത്തിൽ ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളിൽ കരാറുകളും പദ്ധതികളും ലഭിക്കാൻ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു 2014-ൽ 800 കോടി ഡോളറായിരുന്ന (66,203 കോടി രൂപ) അദാനിയുടെ ആസ്തി 2022-ൽ 14,000 കോടി ഡോളറിലേക്ക് (11.58 ലക്ഷം കോടി രൂപ) വളർന്നത് മോദിയുടെ സഹായത്താലാണെന്നും സാധാരണജനങ്ങളുടെ പണം അദാനിയുടെ കമ്പനികളിൽ എൽ.ഐ.സി. ഉൾപ്പെടെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപിച്ചത് മോദി-അദാനി കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നുമാണ് രാഹുൽ പറഞ്ഞത്. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.