കേന്ദ്ര ബജറ്റ്: പാവപ്പെട്ടവര്‍ക്കെതിരായ നിശബ്ദ സമരമെന്ന് സോണിയാ ഗാന്ധി

കേന്ദ്ര ബജറ്റ് പാവപ്പെട്ടവര്‍ക്കെതിരായ നിശബ്ദ സമരമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഭരണം നടത്തുന്നതെന്നും ‘ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ സോണിയ വിമര്‍ശിച്ചു

‘ബജറ്റില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള വിഹിതം വെട്ടിക്കുറച്ച് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. 2018നെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞുവെന്നാണ് നാല് വര്‍ഷത്തിനിടയിലെ വിലവര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത്. മോദി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണം ദേശീയ സ്വത്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ കൈകള്‍ക്ക് കൈമാറിയെന്നും അതുവഴി തൊഴിലില്ലായ്മ വര്‍ധിക്കുന്നുണ്ട്.
കോടിക്കണക്കിന് ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കി. തങ്ങളുടെ സമ്പന്നരായ സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പോലും എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ഒറ്റക്കെട്ടായി എതിര്‍ക്കുകയും ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കുകയും ചെയ്യേണ്ടത് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുടെ കടമയാണ്’- സോണിയ ചൂണ്ടിക്കാട്ടി.