യു എസിന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ; നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ

വാഷിംഗ്ടൺ: യു എസിന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ബലൂൺ വെടിവച്ചിടാനായിരുന്നു ആദ്യം യുഎസ് തീരുമാനിച്ചിരുന്നത്. എന്നാൽ, വെടിവച്ചിടുമ്പോൾ ഭൂമിയിൽ പതിക്കുന്ന ബലൂൺ ജീവനാശത്തിനിടവരുത്തുമെന്ന സംശയം നിലനിൽക്കുന്നതിനാൽ പിന്നീട് തീരുമാനം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ബലൂണിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എന്താണ് ഈ ബലൂണിന്റെ ഉദ്ദേശമെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കൻ മേഖലയ്ക്ക് മുകളിൽ ദുരൂഹസാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ നിരീക്ഷണത്തിലാണെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി.

നിലവിൽ ഈ ചാര ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്ക് പുറത്തായതിനാൽ ജനങ്ങൾക്ക് ഭീഷണി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ചാര ബലൂൺ കണ്ടെത്തിയെന്ന യു എസിന്റെ അവകാശവാദത്തിൽ അന്വേഷണം നടത്തുകയാണെന്ന് ചൈന പറഞ്ഞു. ചൈന അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യമാണ്. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിൽ അതിക്രമിച്ച് കയറാൻ ഉദ്ദേശ്യമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.