തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കും. 200 കോടി രൂപയുടെ പദ്ധതി ഇതിനായി പ്രഖ്യാപിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കാനാണ് തീരുമാനം.
2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും കേരളത്തെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ലീൻ എനർജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാർബൺ ബഹിർഗമനം വലിയ അളവിൽ കുറയ്ക്കാൻ ദീർഘദൂരവാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ വികസനത്തിൽ പ്രധാന പങ്കുവഹിക്കാൻ പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഉപയോഹിക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കിഫ്ബിയുടെ പിന്തുണയോടെ ഇ വി ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുമായി ബന്ധത്തപ്പട്ട പ്രവർത്തനങ്ങൾക്കായി ടിടിപിൽ, വിഎസ്എസ്സി, സി-ഡിഎസി, ടിആർഇഎസ്ടി, എന്നിവ ഉൾത്തപ്പടുന്ന കൺസോർഷ്യം രുപീകരിച്ചിട്ടുണ്ട് ഈ കൺസോർഷ്യം പ്രൊജക്ടിനായി 25 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

