ഭാരത് ജോഡോ യാത്രയുടെ ഭാരത് ചടങ്ങിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി കൂടുതൽ പാർട്ടികൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം നിരസിച്ച് ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ. ജനുവരി 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് ഈ പാർട്ടികൾ അറിയിച്ചിട്ടുള്ളത്. നേരത്തെ സിപിഎമ്മും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം വിട്ടുനിൽക്കുന്നതെന്നാണ് വിവരം. അതേസമയം, സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്.

ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നതിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പോലീസ് രംഗത്തെത്തിയിരുന്നു. യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ജമ്മു കാശ്മീർ പോലീസ് അറിയിച്ചത്. യാത്രയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും ഭരണകൂടം സ്വീകരിച്ചതായി ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ കെ ഗോയൽ വ്യക്തമാക്കിയിരുന്നു.