ന്യൂഡൽഹി: ക്ഷേത്ര ഭരണം സംബന്ധിച്ച് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. ക്ഷേത്രഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചു. സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും ആന്ധ്ര സർക്കാരിനോട് സുപ്രീം കോടതി ചോദിക്കുന്നു. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
തമിഴ് നാട്ടിലുള്ള അഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടമാകില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. സീനിയർ അഭിഭാഷകൻ സതീഷ് പ്രസരൻ, അഭിഭാഷകരായ സി. ശ്രീധരൻ, പി. ബി സുരേഷ്, വിപിൻ നായർ എന്നിവർ അഹോബിലം മഠത്തിനു വേണ്ടി ഹാജരായി.

