ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു; സജി ചെറിയാൻ

ആലപ്പുഴ: ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നുവെന്ന് സംസ്‌കാരിക മന്ത്രി സജി ചെറിയാൻ. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും ഭരണഘടന സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടർ കൃഷ്ണ തേജ, എസ്പി ചൈത്ര തെരേസ ജോൺ തുടങ്ങിയവർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേരുകയും ചെയ്തു. നിയമസഭയിൽ സ്പീക്കർ എ.എം.ഷംസീറാണ് പതാക ഉയർത്തിയ്ത്. ശേഷം മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ. ബി.ആർ. അംബേദ്കർ, കെ.ആർ.നാരായണൻ എന്നിവരുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്‌ളിക് ദിനാഘോഷത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ദേശീയ പതാക ഉയർത്തി.

ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. പത്തനംതിട്ടയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജും തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റവന്യു മന്ത്രി കെ രാജനും പതാക ഉയർത്തി.