വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചെന്ന് പരാതി

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചെന്ന് പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഡല്‍ഹി എയിംസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. കേസില്‍ നാല്‍പ്പത്തേഴുകാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവും. സംഭവത്തില്‍ കര്‍ശന നടപടിക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി.

പുലര്‍ച്ചെ എയിംസ് ആശുപത്രിയുടെ സമീപത്തു നില്‍ക്കെ കാറില്‍ അടുത്തെത്തിയ ഹരീഷ് ചന്ദ്ര, വാഹനത്തിനുള്ളില്‍ കയറാന്‍ തന്നെ നിര്‍ബന്ധിച്ചതായാണ് സ്വാതി മലിവാള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഹരീഷ് ചന്ദ്ര മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പരാതിയിലുണ്ട്. കാറിനുള്ളില്‍ കയറാന്‍ സ്വാതി മലിവാള്‍ വിസമ്മതിച്ചതോടെ മുന്നോട്ടു നീങ്ങിയ ഹരീഷ് ചന്ദ്ര, പെട്ടെന്ന് യു-ടേണ്‍ എടുത്ത് വീണ്ടും അടുത്തേക്കു വന്നു. കാറിനുള്ളില്‍ കയറാന്‍ വീണ്ടും നിര്‍ബന്ധിച്ചതോടെ, ഹരീഷ് ചന്ദ്രയെ പിടികൂടുന്നതിനായി സ്വാതി ഡ്രൈവിങ് സീറ്റിനു സമീപത്തേക്കു ചെന്നു. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും, പെട്ടെന്നു തന്നെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് സ്വാതിയുടെ കൈ കാറിനുള്ളില്‍ കുടുങ്ങിയത്. കാറില്‍ കൈ കുരുങ്ങിയ സ്വാതിയെ, 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. ഇതിനിടെ സ്വാതി സ്വയം കൈ കാറിനുള്ളില്‍ നിന്ന് ഊരിയെടുക്കുകയായിരുന്നു.