കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെൽട്രോൺ പ്രവർത്തനത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണ്. അത് മറികടക്കാനുള്ള ശ്രമം വേണം. നല്ല നിലയിൽ കെൽട്രോൺ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നെന്ന പ്രത്യാശ ഇപ്പോഴുമുണ്ട്. കുറച്ച് നാളത്തെ ആസൂത്രണം കൊണ്ടാണ് അത് സാധ്യമായത്. മുൻപ് അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്നത് മറക്കരുത്. പുതിയ മേഖലകളിലേക്ക് കെൽട്രോൺ കടക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെൽട്രോണിന്റെ നില പതിയെ മെച്ചപ്പെടുന്നുണ്ടെന്നും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 2024 ൽ കെൽട്രോൺ ആയിരം കോടി വിറ്റുവരവുള്ള സ്ഥാപനമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.