മുഖ്യധാര മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവു വന്നു; മാദ്ധ്യമധാർമികത ഇന്ന് ഇല്ലാതെയായെന്ന് വി മുരളീധരൻ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. പുതുതലമുറ മാദ്ധ്യമപ്രവർത്തകരിൽ നല്ല ശതമാനവും കലാലയ രാഷ്ട്രീയത്തിന്റെ ഹാംഗ് ഓവർ മാറാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാര മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവു വന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് പാച്ചല്ലൂർ സുകുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സമൂഹമാദ്ധ്യമങ്ങളിലൂടെ വളർന്നു വന്ന പുതിയ മാദ്ധ്യമസംസ്‌കാരം പലപ്പോഴും ബ്ലാക് മെയിലിങ് മാദ്ധ്യമപ്രവർത്തനമായി മാറുന്നു. ഒരു ക്യാമറയും സ്വന്തമായി സമൂഹമാദ്ധ്യമ അക്കൗണ്ടും ഉണ്ടെങ്കിൽ ആർക്കും ഇന്നും മാദ്ധ്യമപ്രവർത്തകനാകാവുന്ന സാഹചര്യമാണ്. എന്നാൽ പാച്ചല്ലൂരിനെ പോലുള്ളവർ കർശനമായി പാലിച്ചിരുന്ന മാദ്ധ്യമധാർമികത ഇന്ന് ഇല്ലാതെയായിപ്പോയി. സംസ്ഥാനത്ത് ചില പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള മാദ്ധ്യമപ്രവർത്തകരുടെ വിധേയത്വം വളരെ പ്രകടമാണ്. ഓരോ മാദ്ധ്യമപ്രവർത്തകന്റെയും ചോദ്യത്തിൽ നിന്ന് നിങ്ങൾക്ക് കൃത്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം വായിച്ചെടുക്കാൻ കഴിയുമെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.

ബിസിനസായി മുന്നോട്ട് പോകുന്ന മാദ്ധ്യമസ്ഥാപനങ്ങൾക്ക് താത്പര്യങ്ങൾ സംരക്ഷിച്ചേ മതിയാകൂ എന്നതാണ് നിലവിലെ അവസ്ഥ. ഇതിന്റെ ഭാഗമാണ് സർക്കാരിന്റെ പരസ്യങ്ങൾക്കായി അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പുകഴ്ത്തുന്ന അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.