ന്യൂഡൽഹി: ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബുധനാഴ്ച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുമാണ് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർ സോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നു.

