കവരത്തി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വധശ്രമ കേസിലാണ് നടപടി. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ് ശിക്ഷ.
2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഇവർ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആദ്യ നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.
അതേസമയം, കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകൻ അറിയിച്ചു.

