ജാംനഗര്‍: തിങ്കളാഴ്ച രാത്രി മോസ്കോയില്‍ നിന്നു ഗോവയിലേക്കുള്ള റഷ്യന്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ സംഭവത്തില്‍ സുരക്ഷയൊരുക്കിയത് ഇന്ത്യന്‍ വ്യോമസേന. 236 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
‘റഷ്യയിലെ അസൂര്‍ എയര്‍ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. സുരക്ഷ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വിമാനം മാറ്റുകയായിരുന്നു ആദ്യനടപടി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്പെഷല്‍ ഫോഴ്സിനും വ്യോമസേന നിര്‍ദേശം നല്കി’- പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാമെന്ന് ഉറപ്പിച്ച ശേഷമാണു യാത്രക്കാരെ പുറത്തിറക്കിയത്. ദൗത്യം നയിച്ച എയര്‍ കമ്മോഡര്‍ ആനന്ദ് സോന്ദി, യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. പിന്നാലെ, വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എന്‍എസ്ജി ബോംബ് സ്ക്വാഡ് എത്തുകയും വിമാനവും യാത്രക്കാരുടെ ബാഗേജും പരിശോധിക്കുകയും ചെയ്തു.
അതേസമയം, വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യാത്ര പുനഃരാരംഭിച്ച വിമാനം ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിലെത്തി. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള വിമാനത്താവളങ്ങളാണു നടപടി സ്വീകരിക്കുക. ഇത്തവണ വിമാനത്തെ മുംബൈ, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു മാറ്റാന്‍ സമയമില്ലെന്നു മനസ്സിലായതോടെയാണ് ജാംനഗറില്‍ ഇറക്കാന്‍ വ്യോമസേന തയാറായത്. അടിയന്തരമായി ലാന്‍ഡ് ചെയ്ത വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്നു റഷ്യന്‍ എംബസിയും പ്രതികരിച്ചു. ബോംബ് ഭീഷണിയെപ്പറ്റി ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നെന്നു റഷ്യന്‍ എംബസി പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.

