തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ടിക്കറ്റെടുത്ത് മത്സരം കാണാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വില കുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ജനുവരി 15 നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. അപ്പർ ടയറിന് 1,000, ലോവർ ടയറിന് 2,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റുകളുടെ വില ക്രമീകരിച്ചിരിക്കുന്നത്. 18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്സ് എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്.
ടിക്കറ്റ് വിൽപ്പന മൂലമുള്ള നികുതി പണം കായിക മേഖലയിൽ തന്നെ വിനിയോഗിക്കുമെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ നികുതിയിളവ് ലഭിച്ചിട്ടും ജനങ്ങൾക്ക് ഗുണമുണ്ടായില്ല. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നും സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ട് പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി ആർ അനിലാണ് കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവ്വഹിച്ചത്. ഫെഡറൽ ബാങ്ക്, പേടിഎം ഇൻസൈഡർ, മാത ഏജൻസീസ്, മിൽമ, അനന്തപുരി ഹോസ്പിറ്റൽ എന്നിവരുമായുള്ള ധാരണാപത്രങ്ങളും ചടങ്ങിനിടയിൽ കൈമാറിയിരുന്നു.

