അവിവാഹിതരായ താമസക്കാർ ഫ്‌ളാറ്റ് ഒഴിയണം; വിചിത്രമായ നിർദ്ദേശം നൽകി തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷൻ

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ ഫ്‌ളാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി പട്ടത്തെ ഹീര ട്വിൻസ് ഫ്‌ളാറ്റ് അസോസിയേഷൻ. രണ്ടു മാസത്തിനുള്ളിൽ അവിവാഹിതരായ താമസക്കാർ ഫ്‌ളാറ്റ് ഒഴിയണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

ജനുവരി മൂന്നിനായിരുന്നു അസോസിയേഷൻ ഭാരവാഹികൾ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നോട്ടീസ് ബോർഡിൽ പതിച്ചത്. രക്തബന്ധമുള്ളവർ അല്ലാതെ എതിർലിംഗത്തിലുള്ളവരെ ഫ്‌ളാറ്റിൽ പ്രവേശിപ്പിക്കരുത്, കുടുംബമായിട്ട് താമസിക്കുന്നവർ അല്ലാത്തവരുടെ ഫ്‌ളാറ്റുകളിൽ രാത്രിയായാലും പകലായാലും എതിർലിംഗത്തിൽപ്പെട്ടവർ വരരുത് തുടങ്ങിയ നിർദ്ദേശങ്ങളും അസോസിയേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം, ഫ്‌ളാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്ന് പൊതു അച്ചടക്കം ലംഘിക്കുന്ന തരത്തിലെ പ്രവർത്തികൾ ഉണ്ടായതിനാലാണ് നോട്ടീസ് പതിച്ചതെന്നാണ് ഭാരവാഹികൾ വിശദമാക്കുന്നത്. ഫ്‌ളാറ്റ് ഓണേഴ്സ് അസോസിയേഷന്റെ പൊതുതീരുമാനമാണിതെന്നും സെക്രട്ടറി അറിയിച്ചു.

നോട്ടീസ് ബോർഡിലെ മറ്റ് നിർദ്ദേശങ്ങൾ:

  • വാടകക്കാർ ഫ്‌ളാറ്റിന്റെ ഓഫീസ് രജിസ്റ്ററിൽ പേരെഴുതിയശേഷം ബേസ്‌മെന്റിൽ വച്ച് സന്ദർശകരോട് സംസാരിക്കാം.
  • ആധാറും ഫോൺ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോൺ നമ്പറും അസോസിയേഷന് നൽകണം. ഇത് സന്ദർശക രജിസ്റ്ററിലും രേഖപ്പെടുത്തണം
  • ഫ്‌ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അവിവാഹിതരായ താമസക്കാർ ഉടൻ ഒഴിയണം
  • നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരോട് തർക്കിക്കുകയും ചെയ്താൽ പോലീസ് ഇടപെടും