സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യുഡിഎഫ് അംഗീകരിക്കില്ല; വി ഡി സതീശൻ

കൊച്ചി: ഭരണഘടനാ ശിൽപികളെ അവഹേളിക്കുകയും ഭരണഘടന കുന്തവും കൊടച്ചക്രമവുമാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യുഡിഎഫ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുൻപ് സജി ചെറിയാനെ കുറ്റവിമുക്തനാക്കിയുള്ള പ്രഖ്യാപനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കൈകടത്തിയാണ് സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കിയെടുത്തത്. കേസിൽ ഒരു കോടതിയും തീർപ്പ് കൽപ്പിച്ചിട്ടില്ല. കോടതി തീരുമാനത്തിന് വിധേയമായി മാത്രമെ സജി ചെറിയാന് വീണ്ടും മന്ത്രിയാകാൻ സാധിക്കൂ. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യുഡിഎഫ് ശക്തിയായി എതിർക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി ഭരണഘടനയെയും അതിന്റെ ശിൽപികളെയും അധിക്ഷേപിച്ചതിനെ തുടർന്നാണ് രാജി വച്ചത്. ഇതിൽ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. പോലീസ് റിപ്പോർട്ട് സമർപ്പിച്ച വിചാരണ കോടതി പോലും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. കേസ് ഹൈക്കോടതിയുടെയും പരിഗണനയിലാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം സജി ചെറിയാനെ മന്ത്രിയാക്കാൻ സർക്കാർ ധൃതി കാട്ടുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിക്കുന്നു.

മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമർശം പിൻവലിക്കാൻ സജി ചെറിയാനോ സിപിഎമ്മോ സർക്കാരോ പിൻവലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. ആർ.എസ്.എസ് ആചാര്യനായ ഗോൾവാൾക്കർ ഭരണഘടനയെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സിപിഎം യോജിക്കുന്നുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കാർ സംഘപരിവർ ശക്തികൾ ശ്രമിക്കുന്നെന്ന് ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിക്കുന്ന കാലത്താണ് സിപിഎം മന്ത്രിയായിരുന്ന ഒരാൾ ഗോൾവാൾക്കറെ അനുകൂലിച്ചത്. സജി ചെറിയാന്റെ പ്രസംഗം എം.വി ഗോവിന്ദൻ അംഗീകരിക്കുന്നുണ്ടെങ്കിൽ ഗോൾവാൾക്കർ പറഞ്ഞതിനെ സിപിഎം അംഗീകരിക്കുന്നുവെന്നാണ് അർത്ഥം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എം.വി ഗോവിന്ദനല്ല, കോടതിയാണ്. ഇത് പാർട്ടി കോടതി തീരുമാനിക്കേണ്ട വിഷയമല്ല. ബഫർ സോണിലും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന ദുരന്തമായി മാറിയിരിക്കുകയാണ് ബഫർ സോണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.