ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. നോട്ടുനിരോധനത്തെ ശരിവച്ച് സുപ്രീം കോടതി വിധി വന്നതോടെയാണ് രാഹുൽ മാപ്പുപറയണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.
ചരിത്രപരമായ തീരുമാനമെടുത്തത് ദേശീയ താത്പര്യം മുൻനിർത്തിയാണ്. ദേശതാത്പര്യത്തിനുവേണ്ടിയെടുത്ത തീരുമാനം സാധുവായിരുന്നുവെന്ന് സുപ്രീം കോടതി വിധിച്ചു. അതുകൊണ്ട് നോട്ടുനിരോധനത്തിനെതിരെ പ്രചാരണം നടത്തിയ രാഹുൽ ഗാന്ധി മാപ്പു പറയാൻ തയാറാകണം. ഇന്ത്യയാണ് ആഗോളതലത്തിൽ തന്നെ ഓൺലൈൻ പണമിടപാടിനു മുന്നിൽ നിൽക്കുന്നത്. 12 ലക്ഷം കോടി രൂപയുടെ 730 കോടി ഡിജിറ്റൽ ഇടപാടുകളാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി ചിദംബരത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ഭിന്ന വിധി ഉയർത്തിക്കാട്ടി കേന്ദ്രത്തിനെതിരെ പ്രതികരിച്ചതിനാണ് അദ്ദേഹം ചിദംബരത്തെ വിമർശിച്ചത്. ഭൂരിപക്ഷ വിധിയെ അവർ അവഗണിക്കുകയാണ്. ദുരുദ്ദേശപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

