തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും രാജിവെച്ച സജിചെറിയാൻ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിൽ ധാരണയായത്.
ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.
ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചിരുന്നു.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാൽ, സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റഫർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്.

