ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കമായി. കഴിഞ്ഞ ഏപ്രിൽ 2ന് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച വാണിജ്യ പങ്കാളിത്ത കരാറിനാണ് തുടക്കം കുറിച്ചത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ് ഇന്ത്യ നൽകുന്ന എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചു. ഇന്ത്യ ഓസ്ട്രേലിയയുടെ കരുത്തുറ്റ വാണിജ്യ പങ്കാളിയായത് ചൈനക്കേറ്റ കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയ ക്വാഡിന്റെ ഭാഗമായതോടെയാണ് ചൈന വാണിജ്യ-പ്രതിരോധ രംഗത്ത് ഇടഞ്ഞത്.
ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ നിലവിൽ വന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് ഒരു നിർണ്ണായക നിമിഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതിൽ സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഒരു നിർണ്ണായക നിമിഷമാണ്. ഇത് തങ്ങളുടെ വ്യാപാര-സാമ്പത്തിക ബന്ധങ്ങളുടെ ബൃഹത്തായ സാധ്യതകൾ തുറക്കുകയും ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള ബിസിനസുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഉടൻ തന്നെ താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ ഉത്പ്പന്നങ്ങൾ ഓസ്ട്രേലിയയിൽ യാതൊരു ഇറക്കുമതി തീരുവയുമില്ലാതെ എത്തിക്കാമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങളിൽ നാമമാത്രമായ തിരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ എന്നീ മേഖലയിൽ നിന്നാണ് ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടക്കുക. ഒപ്പം ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് വലിയ ജോലി സാദ്ധ്യതയുള്ള മേഖലയും ഓസ്ട്രേലിയ ഇന്ത്യയ്ക്കായി തുറന്നു നൽകിയിട്ടുണ്ട്.

