ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലിന്റെ എക്സ്റ്റൻഡഡ് റേഞ്ച് പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. എക്സ്റ്റൻഡഡ് റേഞ്ചിൽ എസ്യു-30 എംകെഐ യുദ്ധവിമാനത്തിൽ നിന്നും കപ്പൽ ലക്ഷ്യമാക്കിയാണ് പരീക്ഷണം നടത്തിയത്. സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബംഗാൾ ഉൾക്കടലിൽ ദൗത്യലക്ഷ്യം കൈവരിച്ചു. ഈ വിജയകരമായ പരീക്ഷണത്തോടെ എസ്യു-30 യുദ്ധ വിമാനങ്ങളുടെ സഹായത്താൽ കരയിലും കടലിലും ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താൻ കഴിയുമെന്ന നേട്ടം ഇന്ത്യൻ വ്യാേമസേന കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിന്റെ എക്സ്റ്റൻഡഡ് റേഞ്ച് ശേഷിയും എസ്യു-30എം കെ ഐ വിമാനത്തിന്റെ ഉയർന്ന പ്രകടനവും ഇന്ത്യൻ വ്യോമസേനയ്ക്ക് തന്ത്രപരമായ നേട്ടം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിലെ യുദ്ധക്കളങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയെ ഇത് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എയർഫോഴ്സ്, ഇന്ത്യൻ നേവി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ബ്രഹ്മോസ് എയ്റോസ്പേസ് (ബിഎപിഎൽ) എന്നിവർ സംയുക്തമായാണ് പരീക്ഷണം നടത്തിയത്.

