പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; ഡിസംബർ 30 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കൊൽക്കത്ത: പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഡിസംബർ 30 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുക. ഹൗറ-ന്യൂ ജൽപായ്ഗുരി റൂട്ടിലായിരിക്കും സർവ്വീസ്. തിരക്കേറിയ റൂട്ടാണിത്. സർവ്വീസ് ആരംഭിക്കുന്നതോടെ വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള കവാടമായ കൊൽക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും.

ആഴ്ചയിൽ ആറുദിവസമാണ് ട്രെയിൻസർവ്വീസ് നടത്തുന്നത്. ഏഴര മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നതാണ് സർവ്വീസിന്റെ പ്രത്യേകത. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലെത്തും, വടക്കൻ ബംഗാൾ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.

അതേസമയം, കേരളത്തിനുള്ള വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ, ബംഗളുരു, മംഗളുരു റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നാണ് വിവരം. ഓഗസ്റ്റിനകം രാജ്യത്താകെ 75 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും സർവ്വീസ് ആരംഭിക്കുകയെന്നാണ് വിവരം.