എയര്‍ സുവിധ ഫോം തിരികെ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ വിശദാംശങ്ങളും, സമ്ബൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവും യാത്രക്കാര്‍ക്ക് ഹാജരാക്കേണ്ടി വരും. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
അതേസമയം, കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് എയര്‍ സുവിധ ഫോം നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍, തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് ഇനിയും പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലെന്നതാണ് അതിന് കാരണമായി പറഞ്ഞത്. ജിനോം സ്വീക്വന്‍സിംഗിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്ബിളുകള്‍ ദിവസവും ഇതിനായി ലബോറട്ടറികളിലേക്ക് അയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ. ഇന്ത്യന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദേശത്തുനിന്നും എത്തുന്ന യാത്രക്കാര്‍ക്കുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആകാശ, ജല, കരമാര്‍ഗ്ഗം അതിര്‍ത്തി കടക്കുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പുതിയ മാനദണ്ഡങ്ങള്‍ 2022 ഡിസംബര്‍ 24 മുതല്‍ ബാധകമാകും. എല്ലാ യാത്രക്കാരും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിരിക്കണം. അവര്‍ വരുന്ന രാജ്യത്തിന്റെ കോവിഡ്-19 വാക്‌സിനേഷന്‍ ഷെഡ്യുള്‍ പ്രകാരമുള്ള സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ വേണം. വിമാന യാത്രക്കിടയില്‍ കോവിഡിനായി എടുക്കേണ്ടുന്ന മുന്‍കരുതലുകളെ കുറിച്ചുള്ള അറിയിപ്പുണ്ടാകും. യാത്രക്കിടയില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അവരെ ഐസൊലേറ്റ് ചെയ്യും. ലക്ഷണങ്ങളുള്ള യാത്രക്കാരന്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും, മറ്റു യാത്രക്കാരില്‍ നിന്നും അകലം പാലിക്കുകയും വേണം. ഇന്ത്യയില്‍ എത്തിയാല്‍ സാമൂഹിക അകലം പാലിക്കണം. മാത്രമല്ല, ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. ഈ പരിശോധനയില്‍ രോഗമുണ്ടെന്ന് തെളിഞ്ഞാല്‍ ആ രോഗിയേയും പ്രോട്ടോക്കോള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യും.

