തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബഫർ സോൺ വിഷയത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ സർക്കാരിന് ഫീൽഡ് സർവേ നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവേക്ക് മുൻപ് ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജൂൺ 3 ലെ സുപ്രീം കോടതി വിധിയിൽ പറയുന്നത് ബഫർ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർവേ നടത്തി വേണമെങ്കിൽ സാറ്റലൈറ്റ് സർവേ കൂടി നടത്തി മൂന്ന് മാസത്തിനുള്ളിൽ കൃത്യമായ വിവരം നൽകാനാണ്. എന്നാൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം സർക്കാർ സമയമുണ്ടായിരുന്നിട്ടും സർവേ നടത്തിയില്ല. ഇപ്പോൾ സർക്കാർ സുപ്രീം കോടതിയിൽ നൽകുന്നത് പുതിയ വിവരങ്ങളല്ല. 2020 -21 ൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് സർക്കാർ നൽകുന്നത്. മാസങ്ങൾ സമയമുണ്ടായിരുന്നിട്ടും പുതിയ സർവേ നടത്താനുള്ള കോടതി നിർദ്ദേശം നടപ്പായില്ലെന്നും പകരം പഴയ വിവരങ്ങൾ തന്നെ നൽകുന്നത് സർക്കാർ തലത്തിലെ പിടിപ്പുകേടിന്റെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീം കോടതിയിൽ പഴയ സർവേ റിപ്പോർട്ട് നൽകാതെ, കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട്, പുതിയ സർവേ റിപ്പോർട്ട് നൽകണം. പുതിയ സർവേയിൽ ബഫർ സോണിൽപ്പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകൾ ദേവാലയങ്ങൾ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കണം. ഇതനുസരിച്ച് 90% എങ്കിലും ശരിയായ പുതിയ റിപ്പോർട്ട് ആകണം സുപ്രീം കോടതിയിൽ നൽകേണ്ടതെന്ന് പ്രതിരക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ജനസാന്ദ്രത വളരെ കൂടിയ പ്രദേശത്തെയാണ് ഇപ്പോൾ ബഫർ സോണായി പ്രഖ്യാപിച്ചതെന്ന് സുപ്രീംകോടതിക്ക് ഈ സർവേ റിപ്പോട്ടിലൂടെ ബോധ്യപ്പെടണം. സംസ്ഥാന സർക്കാരാണ് അത് ബോധ്യപ്പെടുത്തേണ്ടത്. വിഷയത്തിൽ പ്രതിഷേധമുയർന്നതോടെ സർക്കാർ പറയുന്നത് പഴയ ഭൂപടം പ്രസിദ്ധീകരിച്ച് പരാതികളുണ്ടെങ്കിൽ കേൾക്കാമെന്നാണ്. എന്നാൽ, അങ്ങനെ അല്ല ചെയ്യേണ്ടത്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമാണ്. അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിനാണ് സർവേ. അതിൽ സർക്കാർ പിടിപ്പുകേടുണ്ടായെന്ന് അദ്ദേഹം വിമർശിച്ചു.

