ലോകജേതാക്കള്‍ അര്‍ജന്റീനയെങ്കിലും ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം ബ്രസീലിന് തന്നെ

സൂറിച്ച്: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിംഗ് പട്ടികയില്‍ ബ്രസീല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് അര്‍ജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാന്‍സ് മൂന്നിലേക്ക് മുന്നേറിയപ്പോള്‍ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ് രണ്ടടി മുന്നോട്ട് വച്ച് ആറിലുമെത്തി.

ക്രൊയേഷ്യയാണ് റാങ്കിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ലോകകപ്പ് യോഗ്യതയില്ലാതെ പുറത്തിരുന്ന ഇറ്റലി രണ്ട് സ്ഥാനം പിന്നോട്ടടിച്ച് എട്ടിലെത്തി. പോര്‍ച്ചുഗല്‍ ഒന്‍പതില്‍ മാറ്റമില്ലാതെ തുടരുമ്‌ബോള്‍ സ്പെയിന്‍ മൂന്നടി പിന്നോട്ട് വീണ് പത്തിലെത്തി. ഖത്തര്‍ ലോകകപ്പിലെ അത്ഭുതസംഘമായ മൊറോക്കോയും വന്‍ കുതിപ്പുണ്ടാക്കി. ലോകകപ്പില്‍ നാലാമന്മാരായി നാട്ടിലേക്ക് മടങ്ങിയ ആഫ്രിക്കന്‍ പട 11 സ്ഥാനം മെച്ചപ്പെടുത്തി 11ലേക്കാണ് കുതിച്ചത്. ബ്രസീലിനെ അട്ടിമറിച്ച കാമറൂണ്‍ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനവും സ്വന്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെല്‍ജിയത്തെ പിന്തള്ളി ബ്രസീല്‍ റാങ്കിങ്ങില്‍ മുന്നിലെത്തുന്നത്. ഇതിനുശേഷം മാസങ്ങളായി പോയിന്റ് പട്ടികയില്‍ പുലര്‍ത്തുന്ന മേധാവിത്വം ലോകകപ്പിലെ ക്വാര്‍ട്ടര്‍ തോല്‍വിക്കുശേഷവും ബ്രസീല്‍ തുടരുകയാണ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരം ജയിച്ച ബ്രസീല്‍ കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്ന ലാറ്റിനമേരിക്കന്‍ സംഘം ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിനു തകര്‍ത്താണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. എന്നാല്‍, ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ദുരന്തത്തില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്താകുകയായിരുന്നു.