ശബരിമല ദര്‍ശനം: കുട്ടികള്‍ക്കും വയോധികര്‍ക്കും ഇന്നു മുതല്‍ പ്രത്യേക ക്യൂ

പത്തനംതിട്ട: ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് മുതല്‍ പുതിയ ക്യൂ ഏര്‍പ്പെടുത്തി. നടപ്പന്തല്‍ മുതലാണ് പ്രത്യേക ക്യൂ നടപ്പാക്കുന്നത്.

അതേസമയം, ഇന്ന് അവധി ദിനമായിട്ടും സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്‌തെങ്കിലും തിരക്കില്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തല്‍ മതലുള്ള നിയന്ത്രണം ഒഴിവാക്കുകയായിരുന്നു. വെര്‍ച്ചല്‍ ക്യൂ വഴിയും അല്ലാതെയും ഇന്നലെ 80,191 പേരാണ് ദര്‍ശനം നടത്തി മടങ്ങിയത്.

കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും തിരക്കുള്ള സമയങ്ങളില്‍ പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരുകയാണ്.