ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണം; ആഹ്വാനവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരട്ടി വില കൊടുത്ത് ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആംആദ്മി ദേശീയ കൗൺസിൽ യോഗത്തിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്.

രണ്ട് വർഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തത് 90 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ആണ്. ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ബിജെപി സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. ചൈന അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. ചൈനക്ക് ഇറക്കുമതി കുറച്ചു കർശന മറുപടി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.