പാറ്റ്ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 82 പേരാണ് ഇതുവരെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചത്. ഇന്ന് 16 പേരാണ് മരണപ്പെട്ടത്.
സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 പേർ മരിച്ചു. 25 പേർക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. വിവിധ ആശുപത്രികളിലായി 30 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 12 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറിൽ രാഷ്ട്രപതി ഭരണം വേണമെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

