സിറോ മലബാർ സഭ ഭൂമിയിടപാട് കേസ്; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് സാവകാശം വേണമെന്ന ജോർജ് ആലഞ്ചേരിയുടെ ആവശ്യം അംഗീകരിച്ച് കോടതി

കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് സാവകാശം വേണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം അംഗീകരിച്ച് കോടതി. കാക്കനാട് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജോർജ് ആലഞ്ചേരി ജനുവരി 18 ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായിരുന്നില്ല. കർദിനാൾ ഡൽഹിയിൽ ആണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനാൽ സാവകാശം അനുവദിക്കണമെന്നും കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ജനുവരി 10 ആണ് ഭൂമി ഇടപാട് കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർദിനാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്.