ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ചൈനയുമായുള്ള അതിർത്തി സംഘർഷം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാകാത്തതിനെതിരെയാണ് ശശി തരൂർ എംപി വിമർശനം ഉന്നയിച്ചത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
1962ൽ ഇന്ത്യ-ചൈന യുദ്ധമുണ്ടായ സമയത്തു പോലും പാർലമെന്റിൽ ചർച്ച ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു തയാറായെന്നും തരൂർ ചൂണ്ടിക്കാട്ടി. അന്ന് ആ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയിൽ പങ്കെടുത്തത് നൂറോളം എംപിമാരാണ്. എല്ലാവരേയും കേൾക്കാൻ അദ്ദേഹം തയാറായിരുന്നു. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ രാജ്യത്തിന് പാർലമെന്റിൽ വിശ്വാസ്യത വേണമെന്ന കാര്യം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യമാണെങ്കിൽ പോലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിർത്തിയിൽ ചൈന 2017 മുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. 2017ൽ ദോക്ലാമിലുണ്ടായ പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയാണെന്നും തരൂർ അറിയിച്ചു.
ചൈനയുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന തൃപ്തികരമല്ല. വ്യക്തതയില്ലാത്ത വെറുമൊരു പ്രസ്താവന മാത്രമാണത്. ചോദ്യം ഉന്നയിക്കാനും അദ്ദേഹം അനുവദിച്ചില്ല. ഇത് ജനാധിപത്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

