ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല് പാസാക്കി നിയമസഭ

തിരുവനന്തപുരം: കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല് നിയമസഭ പാസാക്കി. എന്നാല്‍, ഇതിനുള്ള നിയമസാധ്യത ലഭിക്കണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം.

അതേസമയം, ചാന്‍സലര്‍ നിയമനത്തിന് പ്രത്യേക സമിതി വേണം, ചാന്‍സലര്‍ ഇല്ലാത്ത സമയങ്ങളില്‍ ചാന്‍സലറും പ്രോ ചാന്‍സലറും ചേര്‍ന്ന് തീരുമാനിക്കുന്നയാള്‍ക്ക് പകരം ചുമതല എന്നീ പ്രതിപക്ഷത്തിന്റെ രണ്ട് ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ചാന്‍സലറെ നിയമിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മില്‍ ധാരണയായി.

എന്നാല്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി വിരമിച്ച ജഡ്ജിമാര്‍ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടര്‍ന്നെങ്കിലും ഭരണപക്ഷം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് നിയമസഭ ബില്ല് പാസാക്കി.