ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ്; പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളിലും മാനുഷിക ഇളവ് നൽകാൻ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെയാണ് അദ്ദേഹം പ്രശംസിച്ചത്.

കരിമ്പട്ടികയിൽ പെടുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയിൽ ചേർക്കാനും, അയൽരാജ്യങ്ങളിൽ നിന്നുള്ളപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും, തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഇത്തരം ഇളവുകൾ പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രമേയത്തിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ പറഞ്ഞത്. കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ ഇന്ത്യ ഇതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തിൽ താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് ശശി തരൂർ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ തന്നെ, അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ കാരണങ്ങളിൽ താൻ പൂർണ്ണമായി യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘രുചിര കാംബോജിന്റെ വാക്കുകളെ സാധൂകരിക്കുന്ന തെളിവുകൾക്കായി നമ്മൾ അതിർത്തിക്കപ്പുറത്തേക്ക് നോക്കേണ്ടതില്ല. വെൽഡൺ’ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ഉൾപ്പെടെ ടാഗ് ചെയ്ത് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.