‘കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഇപ്പോള്‍ ലീഗ് സ്വീകരിക്കുന്നത്’; എം.വി ഗോവിന്ദനെ പിന്തുണച്ച് എ.കെ ശശീന്ദ്രന്‍

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ. കെ ശശീന്ദ്രന്‍ രംഗത്ത്.

‘മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം വി ഗോവിന്ദന്‍ തുടക്കമിട്ടത്. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എന്‍സിപിയുടെയും നിലപാട്. യുഡിഎഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഇപ്പോള്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. വര്‍ഗീയതയ്ക്കെതിരെയുള്ള ചര്‍ച്ചകളില്‍ മതേതര ശക്തികള്‍ ജാഗ്രത പാലിക്കണമെന്നും രാജ്യതാല്‍പര്യം സംരക്ഷിക്കണമെന്നും ലീഗ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതൊരു മുന്നണി വിഷയമല്ല. രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് പ്രശ്നമാണ്. ആ ദേശീയ പ്രശ്നങ്ങളില്‍ ഒരു കൂട്ടായ്മയുണ്ടാകണമെന്ന നിലപാടിലേക്ക് ലീഗ് എത്തിച്ചേര്‍ന്നിരിക്കുകയാണ്’- ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്നും എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. ‘ആര്‍എസ്പിയും ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. അതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യും എന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. സുധാകരന്‍ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നു. നെഹ്‌റുവിനെ കുറിച്ചു പോലും തെറ്റിദ്ധാരണ പരത്തുന്നു. ലീഗിനെക്കുറിച്ചുള്ള പ്രസ്താവനകളെ ലീഗിനെ ഇടതു മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് വ്യാഖ്യാനിക്കേണ്ട’- അദ്ദേഹം ചൂണ്ടിക്കാട്ടി.