ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. വൈദ്യ പരിശോധനകൾക്ക് ശേഷമാണ് താരത്തെ വിട്ടയച്ചത്. വൈദ്യ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പമാണ് ഷൈൻ ടോം ചാക്കോയെ വിട്ടയച്ചത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് എയർലൈൻസ് അധികൃതർ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കിയിരുന്നു.
ഭാരത സർക്കസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷൈൻ ദുബായിലെത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയപ്പോഴാണ് താരം കോക്ക്പിറ്റിൽ കയറിയത്. എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് ഷൈൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്ക് യാത്ര നിശ്ചയിച്ചിരുന്നത്.
ഷൈൻ ഒഴികെയുള്ള മറ്റ് അണിയറപ്രവർത്തകർ നാട്ടിലേക്ക് തിരിച്ചു. വിമാനത്തിനകത്ത് ഓടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് എമിഗ്രേഷൻ വിഭാഗം താരത്തെ പിടിച്ചുവച്ചു. സംശയാസ്പദമായ പെരുമാറ്റമാണ് താരത്തെ പിടിച്ചുവെക്കാൻ കാരണം.

