മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു: വി ഡി സതീശൻ

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ മുസ്ലിം ലീഗ് പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അതങ്ങ് വാങ്ങി വച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആ പരിപ്പ് വേവില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയെ പോലെയാണ് പ്രവർത്തിക്കുന്നത്. സർക്കാരിനെതിരായ ജനരോഷത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ഇത്തരത്തിലുള്ള ഓരോ വിഷയങ്ങളുമായി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.

ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്ത് നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് ശക്തമായ പിന്തുണയാണ് ഉണ്ടായത്. തൃക്കാക്കരയും തദ്ദേശ ഉപതെരഞ്ഞെടുപ്പും ഉൾപ്പെടെ നേരിട്ട തെരഞ്ഞെടുപ്പുകളിലൊക്കെ ഉജ്ജ്വല വിജയമാണ് യുഡിഎഫിനുണ്ടായത്. യുഡിഎഫ് തീരുമാനങ്ങളെടുക്കുന്നത് കെ സുരേന്ദ്രനോട് അഭിപ്രായം ചോദിച്ചല്ല. യുഡിഎഫിന് യുഡിഎഫിന്റേതായ രാഷ്ട്രീയവും തീരുമാനങ്ങളുമുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ചാണ് യുഡിഎഫ് നിയമസഭയിൽ എതിർക്കുന്നതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

കൂട്ടായ തീരുമാനങ്ങളെടുത്ത് ഒറ്റക്കെട്ടായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഒരു പ്രസക്തിയുമില്ല. ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. മാധ്യമങ്ങൾ പോലും ഇപ്പോൾ ബിജെപിയെ അന്വേഷിക്കുന്നില്ല. അതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അതിന്റെ അസ്വസ്ഥതയാണ് അവർ പ്രകടിപ്പിക്കുന്നത്. മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ പുറത്താക്കിയതും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച കെഎസ്‌യുക്കാരെ എസ്എഫ്‌ഐ ക്രൂരമായാണ് മർദ്ദിച്ചത്. നേരത്തെ എസ്എഫ്‌ഐയിൽ ഉണ്ടായിരുന്നവരുടെയും ഇപ്പോൾ ഉള്ളവരുടെയും ഒരു സംഘമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഡിവൈഎഫ്ഐയും എസ്എഫ്‌ഐ മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.