സുഖ്‌വീന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു: തീരുമാനം ഹൈക്കമാന്റിന്റേത്

ന്യൂഡൽഹി: സുഖ്വീന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാന്റാണ് ഇതുസംബന്ധിച്ച തിരുമാനമെടുത്തത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി തലവനായിരുന്നു സുഖ്‌വീന്ദർ സിംഗ് സുഖു.

ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. ഇത് നാലാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗർ, ഹമിർപുർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിംഗിനെയും മുകേഷ് അഗ്‌നിഹോത്രിയെയും പിന്തള്ളിയാണ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരൻ കൂടിയായ സുഖ്‌വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സുഖ് വീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതോടെ പ്രതിഭ സിംഗ് അനുകൂലികൾ നേതാക്കൾ താമസിക്കുന്ന ഹോട്ടലിന് മുന്നിലെത്തി പ്രതിഷേധം നടത്തി.