ന്യൂഡൽഹി: സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല വൈസ് ചാൻസലർമാരുടെ കാരണം കാണിക്കൽ നോട്ടീസിൽ അന്തിമ തീരുമാനമെടുക്കുന്നത് കോടതി വിധിക്കു ശേഷമാണെന്ന് ഗവർണർ വ്യക്തമാക്കി.
നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. രണ്ട് ദിവസത്തിനകം കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഉന്നതവിദ്യാഭ്യാസ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ആയിരിക്കണം. അതിനാണ് യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് താൻ സ്വീകരിക്കുന്നത്. വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാനങ്ങൾ അധികാരമില്ലെന്ന് ബംഗാൾ വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. പിന്നെയെങ്ങനെയാണ് ചാൻസലർമാരുടെ നിയമനത്തിന് അധികാരമുണ്ടാകുകയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ഇതെല്ലാം ചെയ്യുന്നത് അവർക്കിഷ്ടമുള്ളവരെ നിയമിക്കാൻ വേണ്ടിയാണെന്നും ഗവർണർ വിമർശിച്ചു.

