അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ നിക്ഷേപം നടത്തണം; ഇന്ത്യയോട് അഭ്യര്‍ഥിച്ച് താലിബാന്‍

കാബൂള്‍: ഇന്ത്യന്‍ പിന്തുണയില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് തരണമെന്നും അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇന്ത്യയോട് അഭ്യര്‍ഥനയുമായി താലിബാന്‍. താലിബാന്റെ നഗരവികസന-ഭവന മന്ത്രി ഹംദുല്ല നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ സാങ്കേതിക ടീം തലവന്‍ ഭരത് കുമാറും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് താലിബാന്‍ ഇക്കാര്യം അറിയിച്ചത്.

കാബൂളിലെ പാര്‍ലമെന്റ് മന്ദിരം മുതല്‍ ഹെറാത്തിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ട് വരെയുള്ള രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലും ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ ഏകദേശം 433 ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്റ്റ് പദ്ധതിക്ക് കീഴില്‍ അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ 37 പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, ‘മുമ്പ് ഇന്ത്യ ആരംഭിച്ച പ്രോജക്റ്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. കൂടാതെ കാബൂള്‍ നഗരം വികസനത്തിന് ഇന്ത്യയില്‍ നിന്നും കൂടുതല്‍ നിക്ഷേപവും പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇന്ത്യന്‍ നിക്ഷേപത്തിന് എല്ലാ സുരക്ഷയും നല്‍കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കി’- താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി.