ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ജെഡിയുവും ടിആർഎസും. ഉച്ചകോടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഊഴമനുസരിച്ച് ഇന്ത്യക്ക് കിട്ടിയ അവസരത്തെ മോദിയുടെ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടുകാണെന്ന് വിമർശനവുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്.
സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയുടെ നയരൂപീകരണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ വെച്ചാണ് യോഗം ചേരുക.
നാൽപത് പാർട്ടികളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മമത ബാനർജി, സ്റ്റാലിൻ, നവീൻ പട്‌നായിക്ക് എന്നീ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിലേക്ക് നിതീഷ് കുമാറിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഉച്ചകോടിക്കെത്തുമോയെന്നതിൽ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് പാർലെമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്.

